Saturday, May 17, 2008

ഒരു നഷ്ടബോധത്തിന്റെ ഓര്‍മ്മകള്‍

വയനാടിന്റെ വശ്യ ചാരുത മനസ്സിലായത്‌, വയനാട്‌ വിട്ട്‌ കാലിക്കറ്റ്‌ എത്തിയപ്പോഴാണ്‌.സുഖ ശീതളമായ ഒരു കാലാവസ്ഥയില്‍ നിന്ന്‌ നഗരത്തിന്റെ തിരക്കുകളിലേക്ക്‌ എത്തിയപ്പോള്‍ ആദ്യമൊക്കെ എന്തെന്നില്ലാത്ത വിമ്മിഷ്ടമായിരുന്നു. അഡ്‌ജസ്‌റ്റ്‌ ചെയ്യാതെ നിവൃത്തിയില്ല എന്നായപ്പോള്‍ ഈ നഗരത്തിന്റെ തിരക്കുകളെയും വേഗതയെയും ' മലിനീകരണങ്ങളെയും' ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങി......പക്ഷേ എനിക്ക്‌ മറക്കാന്‍ കഴിയാതെ ഇപ്പോഴും എന്റെ നാടിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്നു... ജീവിതം കരുപ്പിടിപ്പിക്കാനുളള നെട്ടോട്ടത്തിനിടയില്‍ നാടിനെയും നാടിന്റെ ഗുണങ്ങളെയും പാതി വഴിയില്‍ ഉപേക്ഷിച്ച്‌ പോകേണ്ടി വന്നുവെങ്കിലും വല്ലപ്പോഴും വയനാടിന്റെ കാറ്റ്‌ അടിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം കിട്ടുന്നു. സ്വന്തം നാട്ടിലേക്ക്‌ പോകാനായി തയ്യാറെടുക്കുമ്പോള്‍ തന്നെ കൂടെ താമസിക്കുന്നവര്‍ "കടുമാങ്ങാ അച്ചാറിനും" "ചക്ക വറത്തതിനും" ഓര്‍ഡര്‍ തരും. ബസ്സില്‍ കയറിയിരുന്ന്‌ ചുറ്റുപാടുകളെ നോക്കി ചെറിയൊരു മയക്കത്തിലേക്ക്‌ വീണു പോകുന്ന ഞാന്‍ താമരശ്ശേരി എത്തുമ്പോഴേക്കും പതുക്കെ ഉണര്‍ന്ന്‌ വയനാടന്‍ ചുരത്തിനായി കാത്തിരിക്കും.. അഭൗമമായ ഒരു സൗന്ദര്യമാണ്‌ വയനാടന്‍ ചുരത്തിനുളളത്‌............ തിങ്ങി നിറഞ്ഞ നിത്യ ഹരിത കാടുകള്‍ ചുരത്തിന്റെ പ്രത്യേകതയാണ്‌. ഹെയര്‍പിന്‍ വളവുകള്‍ യാത്രയെ കുറച്ചുകൂടി ആസ്വാദ്യമാക്കുന്നു. കോഴിക്കോടിന്റെ കടുത്ത ചൂടില്‍ നിന്നും വയനാടിന്റെ തണുപ്പിലേക്ക്‌ കടക്കുമ്പോള്‍ ശരിക്കും ഒരു എയര്‍ കണ്ടീഷന്‍ റൂമില്‍ കയറിയതുപോലെയാണ്‌. ആസ്വാദ്യമായ ഈ യാത്ര വല്ലപ്പോഴുമേ ഉണ്ടാകുകയുളളുവെങ്കിലും അത്‌ തരുന്ന അനുഭൂതി മറ്റെവിടെയും കിട്ടുകയില്ല.അതുകൊണ്ട്‌ തന്നെ വയനാട്ടിലേക്ക്‌ ഒരു യാത്ര തരപ്പെട്ടാല്‍ ഒരിക്കലും ഞാന്‍ അത്‌ ഒഴിവാക്കാറില്ല...........

No comments: