Saturday, May 17, 2008
ഒരു കിളി കൊഞ്ചല്‍
കേരളം എന്തുകൊണ്ട് ഇത്ര സുന്ദരമായെന്ന് അറിയുമോ.....? (ഞാന്‍ ഉദ്ദേശിച്ചത് അരി ക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും കാര്യത്തിലല്ല.) കേരളം സുന്ദരമായതിനു കാരണം കേരളത്തിന്റെ വശ്യമായ പ്രകൃതിഭംഗിയാണ്. വയനാട്ടില്‍ ശരിക്കും ഒരു ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ അതിനെ കുറിച്ച് ബോധവതിയായത് കോഴിക്കോടിന്റെ കടുത്ത ചൂടിലേക്ക് വന്നപ്പോഴാണ്. എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ രാവിലെ കേട്ടുണരുന്നത് വീടിനോട് ചേര്‍ന്നുളള പേര മരത്തില്‍ ഇരുന്ന് പക്ഷികളുടെ പാട്ടുകേട്ടുകൊണ്ടാണ്....കടുത്ത ചൂട് എന്നൊരു ഭീകരാവസ്ഥയെ ഞാന്‍ നേരിടുന്നത് കോഴിക്കോട് എത്തിയതിനു ശേഷമാണ്. ഇപ്പോള്‍ കടുത്ത നഷ്ടബോധം തോന്നുന്നു, കാരണം ഇപ്പോള്‍ ഞാന്‍ ആ പക്ഷികളുടെ പാട്ട് കേട്ടുകൊണ്ടല്ല ഉണരുന്നത്; പകരം ട്രയിനിന്റെ ഹോണടികളും ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ ശബ്ദങ്ങളും കേട്ടുകൊണ്ടാണ്. നഷ്ടബോധം തോന്നുന്നു. എങ്കിലും കാലം കുതിച്ചുപാഞ്ഞുകൊണ്ടിരിക്കെ എന്റെ നാടിന് കാര്യമായ മാറ്റം വന്നിട്ടില്ല എന്നതൊരാശ്വാസമാണ്. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ ഈ പറഞ്ഞവയൊക്കെ എനിക്ക് വീണ്ടും തിരിച്ചുകിട്ടുമെന്നതാണ് ഏക ആശ്വാസം..........ഇതൊന്നും നഷ്ടപ്പെടരുതെയെന്നാണ് ഏക പ്രാര്‍ത്ഥന.
ഒരു നഷ്ടബോധത്തിന്റെ ഓര്‍മ്മകള്‍
വയനാടിന്റെ വശ്യ ചാരുത മനസ്സിലായത്, വയനാട് വിട്ട് കാലിക്കറ്റ് എത്തിയപ്പോഴാണ്.സുഖ ശീതളമായ ഒരു കാലാവസ്ഥയില്‍ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് എത്തിയപ്പോള്‍ ആദ്യമൊക്കെ എന്തെന്നില്ലാത്ത വിമ്മിഷ്ടമായിരുന്നു. അഡ്‌ജസ്‌റ്റ് ചെയ്യാതെ നിവൃത്തിയില്ല എന്നായപ്പോള്‍ ഈ നഗരത്തിന്റെ തിരക്കുകളെയും വേഗതയെയും ' മലിനീകരണങ്ങളെയും' ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങി......പക്ഷേ എനിക്ക് മറക്കാന്‍ കഴിയാതെ ഇപ്പോഴും എന്റെ നാടിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്നു... ജീവിതം കരുപ്പിടിപ്പിക്കാനുളള നെട്ടോട്ടത്തിനിടയില്‍ നാടിനെയും നാടിന്റെ ഗുണങ്ങളെയും പാതി വഴിയില്‍ ഉപേക്ഷിച്ച് പോകേണ്ടി വന്നുവെങ്കിലും വല്ലപ്പോഴും വയനാടിന്റെ കാറ്റ് അടിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം കിട്ടുന്നു. സ്വന്തം നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോള്‍ തന്നെ കൂടെ താമസിക്കുന്നവര്‍ "കടുമാങ്ങാ അച്ചാറിനും" "ചക്ക വറത്തതിനും" ഓര്‍ഡര്‍ തരും. ബസ്സില്‍ കയറിയിരുന്ന് ചുറ്റുപാടുകളെ നോക്കി ചെറിയൊരു മയക്കത്തിലേക്ക് വീണു പോകുന്ന ഞാന്‍ താമരശ്ശേരി എത്തുമ്പോഴേക്കും പതുക്കെ ഉണര്‍ന്ന് വയനാടന്‍ ചുരത്തിനായി കാത്തിരിക്കും.. അഭൗമമായ ഒരു സൗന്ദര്യമാണ് വയനാടന്‍ ചുരത്തിനുളളത്............ തിങ്ങി നിറഞ്ഞ നിത്യ ഹരിത കാടുകള്‍ ചുരത്തിന്റെ പ്രത്യേകതയാണ്. ഹെയര്‍പിന്‍ വളവുകള്‍ യാത്രയെ കുറച്ചുകൂടി ആസ്വാദ്യമാക്കുന്നു. കോഴിക്കോടിന്റെ കടുത്ത ചൂടില്‍ നിന്നും വയനാടിന്റെ തണുപ്പിലേക്ക് കടക്കുമ്പോള്‍ ശരിക്കും ഒരു എയര്‍ കണ്ടീഷന്‍ റൂമില്‍ കയറിയതുപോലെയാണ്. ആസ്വാദ്യമായ ഈ യാത്ര വല്ലപ്പോഴുമേ ഉണ്ടാകുകയുളളുവെങ്കിലും അത് തരുന്ന അനുഭൂതി മറ്റെവിടെയും കിട്ടുകയില്ല.അതുകൊണ്ട് തന്നെ വയനാട്ടിലേക്ക് ഒരു യാത്ര തരപ്പെട്ടാല്‍ ഒരിക്കലും ഞാന്‍ അത് ഒഴിവാക്കാറില്ല...........
Friday, May 16, 2008
ഒരു സാമ്പാറിന്‍ ശാപം
ഹോസ്‌റ്റല്‍ ഡേ അടുത്ത് വരികയാണ്. ഞങ്ങള്‍ മുപ്പത്തിയഞ്ചാം മുറിക്കാര്‍ (സിസ്റ്ററുടെ അഭിപ്രായത്തില്‍ തലതെറിച്ച പിള്ളേര്‍) ഞങ്ങലുടെ സംഭാവന നല്‍കണമെന്ന് കഴിഞ്ഞ യോഗത്തില്‍(ലുഡോ കളിക്കിടയില്‍ തീരുമാനിച്ചതാണ്.) ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ട് ക്രിസ്‌മസ്സിനു ചെയ്‌തതുപോലെ ഓരെണ്ണം ഒപ്പിക്കാന്‍ തീരുമാനിച്ചു. ക്രിസ്‌മസ്സിന് ഞങ്ങള്‍ ഒരു കോമഡി സ്‌കിറ്റ് ചെയ്‌തിരുന്നു. അതില്‍ മെസ്സില്‍ കിട്ടുന്ന ഫുഡിനെപ്പറ്റി വാചാലമായതു കൊണ്ട് ഇപ്പോള്‍ കിട്ടുന്ന സാമ്പാറിന്റെ കട്ടി കുറച്ചുകൂടി കുറഞ്ഞ് കടല്‍ വെളളം പോലെയായെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞ് പരത്തുന്നുണ്ടായിരുന്നു. ആശംസകളെയെല്ലാം ഞങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ട്, പഴയ ചില തെറ്റുകളെ തിരുത്തികൊണ്ട് ഇത്തവണയും ഒരു പുതിയ " സാമ്പാറിന്റെ ശാപം" ഞങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും. അതിലേക്കാവശ്യമുളള അഞ്ചു ലിറ്റര്‍ വെളളം ഈ വേനല്‍ക്കാലത്ത് എങ്ങനെ ഒപ്പിക്കുമെന്ന ആശങ്കയിലാണ് ഞങ്ങള്‍. കിട്ടുമെന്ന് പ്രതീക്ഷിക്കാം.
ക്ഷമ ചോദിക്കുന്നു
ടെംപ്ലേറ്റ് ശരിയല്ലാത്തതുകൊണ്ട് ചില സുഹൃത്തുക്കള്‍ക്ക് എന്റെ ബ്ലോഗ് വായിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
Thursday, May 15, 2008
ഹോസ്‌റ്റലില്‍ ഇപ്പോള്‍ വളരെ ശക്തിയോടെ നടക്കുന്ന ഒരു കാര്യം 'ല്ടൂ' കളിയാണ്. ആലപ്പുഴയില്‍ നിന്നുളള സോണിയ ഒരു 'ലുഡോ' ബോര്‍ഡും തന്നിട്ട് പ്രൊജക്ട് വര്‍ക്കിനായി 'നെട്ടോട്ടമോടുകയാണ്' .അറുബോറന്‍ ക്ലാസ്സുകള്‍ കഴിഞ്ഞിട്ട് റൂമില്‍ ചെല്ലുമ്പോള്‍ നേരം പോക്കാനായി തുടങ്ങിയതാണ് ഈ കളിയെങ്കിലും ഇപ്പോള്‍ ഇതില്ലാതെ വയ്യെന്നായി കുത്തലും കീയ്യലുമൊക്കെയായി മുന്നേറുന്നതിനിടയില്‍ സിസ്‌റ്റര്‍ ഒരു ദിവസം കൈയ്യോടെ പൊക്കി.കാരണം അമിതമായ ശബ്ദം ഉണ്ടാക്കിയെന്നായിരുന്നു.റൂമിലെ എട്ടുപേരെയും നിരത്തി നിര്‍ത്തി സിസ്റ്റര്‍ അവരുടെ നാക്കാകുന്ന ആയുധത്തെ എടുത്ത് മുന്നിലേക്കിട്ടപ്പോള്‍ മള്‍ട്ടിമീഡിയക്കു പഠിക്കുന്ന ജിഷയ്‌ക്ക് കൈയ്യിലും കാലിലും എന്തെന്നില്ലാത്ത ചൊറിച്ചില്‍...........അവള്‍ കൈയ്യിലെ രോമം പറിച്ചും മുകളില്‍ കറങ്ങുന്ന ഫാനിന്റെ സ്‌പീഡിനെകുറിച്ചും ആകുലതപ്പെട്ടുകൊണ്ട് കര്‍ത്താവ് എന്തെങ്കിലും 'പാപം' ചെയ്‌തിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചു.എന്റെ സംശയാസ്‌പദമായ മുഖം കണ്ടിട്ട 'ചുമ്മാ' എന്ന് പറഞ്ഞുകൊണ്ട് അവളുടെ ജോലി തുടര്‍ന്നു.ഇനി ഇതാവര്‍ത്തിച്ചാല്‍ പുറത്താക്കുമെന്ന ഭീഷണിയോടെ ഞങ്ങളെ പോകാനനുവദിച്ച സിസ്‌റ്റര്‍ക്ക് thank you sister ,never repeat it sister പറഞ്ഞിട്ട് first flore ലേക്ക് പടികള്‍ കയറുമ്പോള്‍ ഒരു കളളച്ചിരി.........എല്ലാവരുടെയും മുഖത്ത്........പിന്നീടൊരു ഓട്ടമായിരുന്നു. ഓടിച്ചെന്ന് സ്വന്തം കരുക്കളെ എങ്ങനെ 'പഴുപ്പി'ക്കാമെന്ന ചിന്തയോടെ ഞങ്ങള്‍ കളി തുടര്‍ന്നു. ഇപ്പോഴും ഞങ്ങള്‍ ലുഡോ കളിക്കാറുണ്ട്.ഇടയ്‌ക്ക് ബോറടിക്കുമ്പോള്‍ ആ ബോര്‍ഡ് തിരിച്ചുവച്ച് ഏണിയും പാമ്പും കളിക്കുമെങ്കിലും ലുഡോയോടുളള ഇഷ്ടം പോയിട്ടില്ല.
Friday, April 4, 2008
വളരെ വലിയൊരു ഗ്യാപ്പ്....... പരീക്ഷയായതുകൊണ്ടാണ്.എങ്കിലും അതിന്റെ വലിയ മെച്ചമൊന്നും കാണാനുണ്ടാകില്ല.പിന്നെ കുറച്ചുനാളായി ഒരു കാര്യം എഴുതണമെന്ന് കരുതിയിരിക്കുകയായിരുന്നു.കോട്ടയത്തുനിന്ന് കസിന്‍ ബ്രദര്‍ ഉണ്ണി വന്നപ്പോഴാണ് പുതിയൊരു വാക്ക് കിട്ടിയത്."കളപറിക്കല്‍". സത്യത്തില്‍ ഇതെന്താണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. പിന്നീടാണത് പരദൂഷണമാണെന്ന് മനസ്സിലായത്‌്.അന്ന് ഞങ്ങള്‍ കുറെ "കളപറിച്ചു".പിന്നെ ഇതിന്റെ സുഖം മനസ്സിലായത് ഹോസ്‌റ്റലില്‍ വന്ന് കളപറിച്ചപ്പോഴാണ്. ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ "കളപറി" കോളേജിലും ഹോസ്‌റ്റലിലും തുടരുന്നു.ഇനി നാലുമാസം കൂടി ഇവിടെ "കളപറി " തുടരുന്നതാണ്..............................
Tuesday, January 29, 2008
TIME PASS
ജേര്‍ണലിസം ക്ലാസ്സുകള്‍ അറുബോറാകുമ്പോഴാണ് ബ്ലോഗില്‍ എഴുതുന്ന കാര്യം ഓര്‍ക്കുന്നതുതന്നെ..ഇന്ന് നെറ്റില്‍ കയറിയപ്പോള്‍ ഭയങ്കര ശബ്ദം, കാരണം എന്റെ സുഹൃത്തുക്കള്‍ 'വമ്പന്‍' ബ്ലോഗിന്റെയും 'വിഡ്ഡിത്തരം ' ബ്ലോഗിന്റെയും ഉടമകളായ എന്റെ സുഹൃത്തുക്കള്‍ ഭയങ്കര ശബ്ദം ഉണ്ടാക്കുന്നു; അതിനുകാരണം മറ്റൊരു സുഹൃത്തായ സൗമ്യ പുതിയ ബ്ലോഗ് തുടങ്ങുന്നതുതന്നെ. ഈ സംസാരത്തിനിടയ്‌ക്ക് ' കോട്ടയത്ത് പവര്‍ പോയാല്‍ നെറ്റ് കട്ടാവുകയില്ല.ഇവിടുത്തെ കാര്യം എനിക്കറിയില്ല.' (അനുകരണത്തില്‍ മിടുക്കനായ എന്റെ സുഹൃത്ത് DIRECTOR ആബെ സാറിനെ അനുകരിച്ചത്). സത്യത്തില്‍ ഓരോരുത്തരുടെ സ്വഭാവം ഇങ്ങനെ അനുകരിക്കുമ്പോഴാണ് മനസ്സിലാകുന്നത്.
വീണ്ടും കാണാം
വീണ്ടും കാണാം
Saturday, January 5, 2008
MY FIRST ATTEMPT
ആദ്യമായിട്ട് ബ്ലോഗിനെ കുറിച്ച് അറിഞ്ഞത് ഐ സി ജെ(ഇന്‍സ്‌റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം)യില്‍ വന്നതിനു ശേഷമാണ്.അതും ജോസഫ് ആന്റണി സാറിലൂടെ..(അദ്ദേഹത്തിന്റെയാണ് വളരെ പ്രസിദ്ധമായ 'കുറിഞ്ഞി ഓണ്‍ലൈന്‍' എന്ന ബ്ലോഗ്.അദ്ദേഹം ഞങ്ങളെ വിട്ട് പാലക്കാട്ടേക്ക് പോയി.അതൊരു വലിയ നഷ്ടമായിപ്പോയി).പിന്നെ ഒരു ദിവസം വെറുതെ ഒരു രസത്തിന് സുഹൃത്തുക്കളായ സക്കീറും സന്ദീപും ബ്ലോഗില്‍ എഴുതുന്നതു കണ്ടപ്പോള്‍ എനിക്കും ബ്ലോഗെന്നൊരു ആഗ്രഹം മനസ്സിലുദിച്ചു.അപ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ അദ്ധ്യാപകനായ പ്രജീഷ് സാറിന്റെ സഹായത്തോടെ ഒരു ബ്ലോഗിന്റെ ഉടമയായി മാറി ഞാനും.ഈ അവസരത്തില്‍ എന്നെ സഹായിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ സ്വന്തം ലിഷ
Subscribe to:
Posts (Atom)